ചങ്ങരംകുളം: ജൽജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള ജോലികൾ ഏറ്റെടുത്തു നടത്തുന്ന കരാർ കന്പനിയുടെ വാൾവുകളും ഫ്ളഞ്ചറുകളും മോഷ്ടിച്ച് വിൽപ്പന നടത്തിയ പ്രതികൾ പൊന്നാനി പോലീസിന്റെ പിടിയിൽ.
പെരുന്പറന്പ് സ്വദേശി പണിക്ക വീട്ടിൽ ജബ്ബാർ(48), ആനക്കര പള്ളത്ത് വളപ്പിൽ രതീഷ് (43), പുതു പൊന്നാനി സ്വദേശി ചെന്പയിൽ നാസർ (40) എന്നിവരെയാണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, നാസർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ഗോവിന്ദ് എന്നിവരടങ്ങിയ സംഘമാണ് എടപ്പാളിൽ വച്ച് പ്രതികളെ പിടികൂടിയത്.
കണ്ടനകം സബ്സ്റ്റേഷന് സമീപത്തെ കരാർ കന്പനിയുടെ യാർഡിൽനിന്നാണ് പ്രതികൾ വില കൂടിയ ഇന്റാലിയം പൈപ്പുകളുടെ വാൾവുകളും മറ്റും മോഷണം ചെയ്ത് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയത്. വട്ടംകുളം മൂതൂരിലെ ആക്രിക്കടയിൽ നിസാര വിലക്ക് സാമഗ്രികൾ വിൽപ്പന നടത്തുകയും ചെയ്തിരുന്നു. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.